
ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ ചെങ്ങന്നൂരിനോടുള്ള വികസന വിരുദ്ധയ്ക്കെതിരെയും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനോടും ശബരിമല ഇടത്താവളത്തോടുമുള്ള അവഗണനയ്ക്കുമെതിരെ എൽഡിഎഫ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സമരം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി ആർ സന്ദീപ് അധ്യക്ഷനായി.
എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ, നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ്,
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ, എം ശശികുമാർ, ആർ രാജേഷ്, ഗിരീഷ് ഇലഞ്ഞിമേൽ, പി എം ശെൽവരാജ്, പുഷ്പലത മധു, ജെയിംസ് ശമുവേൽ,
മോഹൻ കൊട്ടാരത്തു പറമ്പിൽ, ജി ഹരികുമാർ, ടി കെ ഇന്ദ്രജിത്ത്, രാജു താമരവേലിൽ, ആർ പ്രസന്നൻ, ടിറ്റി എം വർഗീസ്, ടി സി ഉണ്ണികൃഷ്ണൻ. അജിത്ത് ആയിക്കാട്ട് എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഒരു പുരോഗമനവും കൊണ്ടുവരാൻ ബിജെപി സർക്കാരിന് കഴിഞ്ഞില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത പറഞ്ഞു. ഇടതുപക്ഷത്തിൻ്റെ പിന്തുണയോടെ രണ്ടാം യുപിഎ സർക്കാരിൻ്റെ കാലത്ത് ഉണ്ടായ പുരോഗതിയിൽ നിന്നും ഒരിഞ്ച്
മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടില്ല. വിരിവയ്ക്കുന്നതിനുള്ള സൗകരങ്ങളും
ശുചിമുറികളും അടക്കം ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന കേന്ദ്ര സർക്കാരിൻ്റെ ഉറപ്പുകൾ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങി. തീർ ത്ഥാടകരോട് എന്തിനാണ് ഇത്രയും അവഗണന കാട്ടുന്നത്. കേരളത്തിൻ്റെ പ്രധാന ആവശ്യമായ റെയിൽവേ സോൺ നിഷധിക്കപ്പെട്ടിരിക്കുകയാണ്. പാതയിരട്ടിപ്പും വൈദ്യുത കരണവും പൂർത്തിയാക്കപ്പെട്ടിട്ടില്ല.
സംസ്ഥാനത്തെ എല്ലാ നിലയിലും അവഗണിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തേണ്ടതുണ്ടെന്നും സി എസ് സുജാത പറഞ്ഞു.
ശബരിമല ഉൾപ്പെടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ്റെ അവസ്ഥ പരിതാപകരമാണ് എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ പറഞ്ഞു. ശബരിമല തീർത്ഥാടന കാലത്ത് സ്റ്റേഷൻ പരിസരം മാലിന്യ കൂമ്പാരമായി മാറും. ശബരിമലയ്ക്കു വേണ്ടി കണ്ണീർ പൊഴിക്കുന്നവർ തീർത്ഥാടകർക്ക് വേണ്ടി ഒന്നും നൽകുന്നില്ല.
സ്റ്റേഷൻ്റെ വികസനത്തിനു കോടികളുടെ വാഗ്ദാനമല്ലാതെ ഒന്നും യാഥാർത്ഥ്യമാകുന്നില്ല. എന്നാൽ സംസ്ഥാന സർക്കാർ 10 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള
ഇടത്താവള നിർമ്മാണം പുരോഗമിക്കുകയാണ്. അടുത്ത മണ്ഡല കാലത്തിനു മുൻപ് ഇത് തീർത്ഥാടകർക്കായി തുറന്നു നൽകുമെന്നും സജി ചെറിയാൻ പറഞ്ഞു











